വിസിറ്റിംഗ് വിസകളില്‍ മാറ്റങ്ങള്‍ വരുത്തി യു.എ.ഇ
പ്രവാസി മലയാളികള്‍ ഏറെയുള്ള ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. തൊഴില്‍ തേടി നിരവധി പേരാണ് യു.എ .ഇയില്‍ എത്തുന്നത്. ഇത്തരം തൊഴിലന്വേഷകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസമായ ഒന്നായിരുന്നു യു. എ. ഇ അനുവദിച്ചിരുന്ന മൂന്ന് മാസത്തെ വിസിറ്റിംഗ് വിസകള്‍. വിസിറ്റിംഗ് വിസയില്‍ യു .എ. ഇയിലെത്തി ജോലി കണ്ടെത്തിയ ശേഷം പിന്നീട് അവിടെ തുടരുന്നതാണ് പ്രവാസികളുടെ രീതി. എന്നാല്‍ തൊഴിലന്വേഷകര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് വലിയ തിരിച്ചടിയാകുന്ന ഒരു നടപടിയാണ് യു .എ. ഇയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. യു. എ. ഇയില്‍ മൂന്ന് മാസത്തെ സന്ദര്‍ശന വിസകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡൻറിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് & പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) കോള്‍ സെൻറര്‍ എക്‌സിക്യൂട്ടീവ് പറഞ്ഞു.
മൂന്നു മാസത്തെ എന്‍ട്രി പെര്‍മിറ്റ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ ലഭ്യമായിരുന്നു, എന്നാല്‍ ഇനി അതുണ്ടായിരിക്കില്ല. യു .എ .ഇയിലെ സന്ദര്‍ശകര്‍ക്ക് 30 ദിവസത്തേയോ 60 ദിവസത്തെയോ വിസയില്‍ വരാം. ട്രാവല്‍ ഏജന്‍സികള്‍ക്ക് അവ നല്‍കാം,’ ഫെഡറല്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് കൂട്ടിച്ചേര്‍ത്തു. മൂന്ന് വിസിറ്റിംഗ് വിസ പെര്‍മിറ്റുകള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന പോര്‍ട്ടലില്‍ 3 മാസത്തെ സന്ദര്‍ശന വിസ അഭ്യര്‍ത്ഥിക്കാനുള്ള ഓപ്ഷന്‍ ലഭ്യമായിരിക്കില്ലെന്ന് ട്രാവല്‍ ഏജൻറുമാരും വ്യക്തമാക്കി. എന്നാല്‍, യു .എ. ഇ റെസിഡൻറ് വിസയുള്ളവര്‍ക്ക് മാതാപിതാക്കളെയോ അടുത്ത ബന്ധുക്കളെയോ കൊണ്ടുവരുന്നതിനുള്ള മൂന്ന് മാസത്തെ വിസിറ്റിംഗ് വിസ ഇപ്പോഴും ലഭ്യമാണ്. ട്രാവല്‍ ഏജന്‍സികള്‍ വഴി ലഭിച്ചിരുന്ന 90 ദിവസത്തെ വിസിറ്റിംഗ് വിസയാണ് നിര്‍ത്തലാക്കിയത്. വിസിറ്റിംഗ് വിസ കാലാവധിക്കുള്ളില്‍ ജോലി ലഭിച്ച് റെസിഡന്‍സ് വിസയിലേക്ക് മാറിയില്ലെങ്കില്‍ തൊഴിലന്വേഷകര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും എന്നതാണ് വെല്ലുവിളി.അധികമായി താമസിക്കുന്ന ഓരോ ദിവസത്തിനും കനത്ത തുകയാണ് പിഴ. നേരത്തെ കൊവിഡ് കാലത്ത് മൂന്ന് മാസത്തെ വിസിറ്റിംഗ് വിസ യു എ ഇയില്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിന് പകരമാണ് 60 ദിവസത്തെ വിസിറ്റിംഗ് വിസ അവതരിപ്പിച്ചത്. അതേസമയം സന്ദര്‍ശകര്‍ക്ക് രാജ്യത്ത് പ്രവേശിക്കാനും ദീര്‍ഘനേരം താമസിക്കാനും അനുവദിക്കുന്ന മറ്റ് നിരവധി ഓപ്ഷനുകള്‍ ഉണ്ട്.
രാജ്യത്ത് തൊഴിലവസരങ്ങള്‍ തേടുന്നവര്‍ക്കായി യു .എ .ഇ നിരവധി വിസ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഒരു ഗ്യാരൻററോ ,ഹോസ്റ്റോ ആവശ്യമില്ലാതെ മൂന്ന് ഓപ്ഷനുകളില്‍ തൊഴില്‍ പര്യവേക്ഷണ വിസ ലഭ്യമാണ്. ഐ.സി.പി വെബ്സൈറ്റ് അനുസരിച്ച്, സിംഗിള്‍ എന്‍ട്രി പെര്‍മിറ്റിനൊപ്പം 60, 90, 120 ദിവസത്തേക്ക് വിസ ലഭ്യമാണ്. 60 ദിവസത്തേക്കുള്ള തൊഴില്‍ പര്യവേക്ഷണ വിസയ്ക്ക് 200 ദിര്‍ഹം, 90 ദിവസത്തേക്ക് 300 ദിര്‍ഹം, 120 ദിവസത്തേക്കുള്ള ഫീസ് 400 ദിര്‍ഹം ഇങ്ങനെയാണ് നിരക്ക്. ഇതിനൊപ്പം സന്ദര്‍ശകന്‍ 1000 ദിര്‍ഹം സെക്യൂരിറ്റി ഡെപ്പോസിറ്റിൻെറ ഗ്യാരണ്ടിയും നല്‍കണം. ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ ജി.ഡി.ആര്‍.എഫ്.എ, ഐ.സി.പി എന്നിവയുടെ ആപ്ലിക്കേഷന്‍ പോലുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴിയും ഈ വിസയ്ക്ക് അപേക്ഷിക്കാം. രാജ്യത്തെ അമേര്‍ കേന്ദ്രങ്ങളിലും സേവനം ലഭ്യമാണ്. ഇത് കൂടാതെ അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും യു .എ .ഇ വാഗ്ദാനം ചെയ്യുന്നു.
സന്ദര്‍ശകരെ സ്വയം സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഒന്നിലധികം തവണ യു.എ.ഇയില്‍ പ്രവേശിക്കാന്‍ പ്രാപ്തമാക്കുന്നതാണ് ഇത്. ഓരോ സന്ദര്‍ശനത്തിലും 90 ദിവസത്തെ താമസം അനുവദിക്കും. ഈ വിസയുള്ളവര്‍ക്ക് രാജ്യം വിടാതെ തന്നെ 90 ദിവസത്തേക്ക് കൂടി താമസം നീട്ടാം. വിദേശത്ത് നിന്നുള്ള കുടുംബങ്ങള്‍ക്ക് യു.എ.ഇയില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഈ വിസ സഹായിക്കുന്നു.