ഇനി ‘ഓടിച്ചാടി’ ഗ്രൂപ്പില്‍ അംഗമാകാന്‍ പറ്റില്ല; വാട്‌സ്‌ആപ്പില്‍ പുതിയ ഫീച്ചര്‍
ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.
അടുത്തിടെ സേവനം മെച്ചപ്പെടുത്തുന്നതിന് ഇത്തരത്തില്‍ നിരവധി ഫീച്ചറുകളാണ് വാട്‌സ്‌ആപ്പ് അവതരിപ്പിച്ചത്. ഇപ്പോള്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ ഉദ്ദേശിച്ച് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്‌ആപ്പ്.
‘അപ്രൂവ് ന്യൂ പാര്‍ട്ടിസിപ്പെന്റ്‌സ്’ എന്ന പേരിലാണ് പുതിയ ഫീച്ചര്‍. ഗ്രൂപ്പില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫീച്ചര്‍ ഓണാക്കിയാല്‍ അഡ്മിന്മാരുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഗ്രൂപ്പില്‍ അംഗമാകാന്‍ സാധിക്കൂ.
അതായത് പുതിയ അംഗത്തിന് ഗ്രൂപ്പില്‍ അംഗമാകണമെങ്കില്‍ ഗ്രൂപ്പ് അഡ്മിന്‍മാരുടെ അനുമതി വേണമെന്ന് സാരം. ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്ക് വഴി ഗ്രൂപ്പില്‍ അംഗമാകുന്നത് ഇന്ന് പതിവാണ്. എന്നാല്‍ പുതിയ ഫീച്ചര്‍ ലൈവ് ആയാല്‍ ഗ്രൂപ്പ് അഡ്മിൻെറ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. ഇതോടെ ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം നിയന്ത്രണപരിധിയില്‍ നിര്‍ത്താന്‍ അഡ്മിന്‍മാര്‍ക്ക് സാധിക്കും. ഗ്രൂപ്പില്‍ അംഗമാക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന റിക്വിസ്റ്റുകളില്‍ ആവശ്യമുള്ളത് മാത്രം അനുവദിക്കാന്‍ അവസരം നല്‍കുന്നവിധമാണ് സംവിധാനം ഒരുക്കുന്നത്