എയർ അറേബ്യയുടെ റാസല്‍ഖൈമ – കോഴിക്കോട് സർവ്വീസിന് തുടക്കമായി

പ്രവാസികള്‍ക്ക് ഏറെ ആശ്വസകരമായി മാറിയേക്കാവുന്ന എയർ അറേബ്യയുടെ റാസല്‍ഖൈമ – കോഴിക്കോട് സർവ്വീസിന് തുടക്കമായി. യു എ ഇയുടെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയർ അറേബ്യ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് ആദ്യത്തെ നോൺ-സ്റ്റോപ്പ് ഫ്ലൈറ്റാണ് ആരംഭിച്ചിരിക്കുന്നത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ റാസൽഖൈമയിൽ നിന്ന് ഉച്ചയ്ക്ക് 2.55ന് പുറപ്പെട്ട് രാത്രി 8.10ന് കോഴിക്കോട്ടെത്തുന്ന രീതിയിലാണ് സർവ്വീസ്.  കോഴിക്കോട് നിന്ന് രാത്രി 8.50 ന് പുറപ്പെട്ട് രാത്രി 11.25 ന് റാസൽഖൈമയിൽ എത്തിച്ചേരും വിധത്തിലാണ് മടക്കയാത്ര. കഴിഞ്ഞ ദിവസം പുറപ്പെട്ട ആദ്യ വിമാനത്തിന് മുന്നോടിയായി റാസല്‍ഖൈമ വിമാനത്താവളത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടന്നു. റാസൽഖൈമയിലെ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ ഷെയ്ഖ് സലേം ബിൻ സുൽത്താൻ അൽ ഖാസിമി, ദുബായ്, വടക്കൻ മേഖലകളിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, എയർ അറേബ്യ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. അദെൽ അൽ അലി തുടങ്ങിയ നിരവധി പ്രധാന വിശിഷ്ട വ്യക്തികൾ ചടങ്ങില്‍ പങ്കെടുത്തു.
പുതിയ ഡയറക്ട് ഫ്‌ളൈറ്റ് റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആഴ്ചയില്‍ മൂന്ന് ദിവസം സർവ്വീസ് നടത്തുന്നതിനെ പ്രവാസികളും വലിയ പ്രധാന്യത്തോടെയാണ് നോക്കി കാണുന്നത്. മറ്റ് വിമാനക്കമ്പനികളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ നിരക്കില്‍ സർവ്വീസ് നടത്തുന്നു എന്നുള്ളതാണ് എയർ അറേബ്യയുടെ പ്രത്യേകത. “ഈ പുതിയ റൂട്ട് രണ്ട് നഗരങ്ങൾക്കിടയിൽ സൗകര്യപ്രദവും മൂല്യാധിഷ്ഠിതവുമായ യാത്രാ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുക മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ടൂറിസം, വ്യാപാര ബന്ധങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.” അദെൽ അൽ അലി അഭിപ്രായപ്പെട്ടു.
അതേസമയം, കോഴിക്കോടും തിരുവനന്തപുരവും ഉള്‍പ്പെടെ അഞ്ച് ഇന്ത്യൻ നഗരങ്ങളെ ഉൾപ്പെടുത്തി റൂട്ടുകൾ വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി ഒമാനിലെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയറും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കോഴിക്കോട്, തിരുവനന്തപുരം എന്നിവയ്ക്ക് പുറമെ ഹൈദരാബാദ്, ജയ്പൂർ, ലഖ്‌നൗ തുടങ്ങിയ അഞ്ച് നഗരങ്ങളിലേക്കാണ് ഒമാന്‍ വിമാന കമ്പനി സർവ്വീസ് പുനഃരാരംഭിക്കുന്നത്. ഒമാൻ എയറും തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. സർവീസുകളുടെ എണ്ണം അധികം വൈകാതെ വർധിപ്പിക്കും. തിരുവനന്തപുരം-മസ്‌കറ്റ് സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഒമാൻ എയർ.

എയർ ഇന്ത്യ എക്‌സ്‌പ്രസ് ഈ റൂട്ടിൽ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.