ചൈനയുടെ തളർച്ച മുതലെടുക്കാൻ ഒരുങ്ങി ഇന്ത്യൻ കമ്പനികൾ
അമേരിക്കയുടെ ചൈനാ പേടി മുതലെടുത്ത് കയറ്റുമതി രംഗത്ത് കൂടുതൽ നേട്ടം കൈവരിക്കാൻ ഇന്ത്യൻ കമ്പനികൾ തന്ത്രങ്ങൾ പുതുക്കുന്നു. രാഷ്ട്രീയ സംഘർഷം ശക്തിയാർജിച്ചതോടെ വിവിധ അമേരിക്കൻ കമ്പനികൾ ചൈനീസ് ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അപ്രഖ്യാപിത ഉപരോധം മുതലെടുക്കാൻ വിവിധ മേഖലകളിലുള്ള ഇന്ത്യൻ കമ്പനികൾ ശ്രമം തുടങ്ങി.
ഇലക്ട്രോണിക് ഹാർഡ് വെയറുകൾ മുതൽ വിവിധ ലോഹങ്ങളും തുണിത്തരങ്ങളും കയറും ഭക്ഷ്യ ഉത്പന്നങ്ങളും ഉൾപ്പെടെയുള്ളവയുടെ കയറ്റുമതിയിൽ മികച്ച നേട്ടമുണ്ടാക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്ക മാറിയതു തന്നെ ആഗോള കയറ്റുമതി രംഗത്ത് മികച്ച നേട്ടമുണ്ടാക്കുന്നതിന്റെ സൂചനയാണെന്ന് ദുബായിലെ പ്രമുഖ ട്രേഡ് കൺസൾട്ടന്റ് പറയുന്നു. 2022 ഏപ്രിൽ മുതൽ ഈ വർഷം മാർച്ച് വരെയുള്ള കാലയളവിൽ ഇരു രാജ്യങ്ങളുമായുള്ള മൊത്തം വ്യാപാരം 7.65 ശതമാനം ഉയർന്ന് 12, 855 കോടി ഡോളറിലെത്തി. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂല്യം ഇക്കാലയളവിൽ 2.81 ശതമാനം ഉയർന്ന് 7831 കോടി ഡോളറിലെത്തി.
അതേസമയം അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി മൂല്യത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 16 ശതമാനം വർദ്ധനയാണുണ്ടായത്. അതേസമയം, ചൈനയുമായുള്ള ഇന്ത്യയുടെ ബൈ ലാറ്ററൽ വ്യാപാരം തുടർച്ചയായി താഴേക്ക് നീങ്ങുകയാണ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര മൂല്യം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1.65 ശതമാനം കുറഞ്ഞ് 11, 853 കോടി ഡോളറിലെത്തി. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 28 ശതമാനം ഇടിഞ്ഞ് 1532 കോടി ഡോളറിലെത്തി. അതേസമയം ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ കഴിഞ്ഞ വർഷവും 4.5 ശതമാനം വർധന ദൃശ്യമായി.
ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയാണ് പുതിയ കണക്കുകൾ നൽകുന്നതെന്ന് കയറ്റുമതി കമ്പനികൾ പറയുന്നു. മരുന്നുകൾ മുതൽ എൻജിനിയറിംഗ് ഉത്പന്നങ്ങൾക്ക് വരെ മികച്ച വിപണിയാണ് തുറന്നു കാട്ടുന്നതെന്നും അവർ വ്യക്തമാക്കുന്നു.