കാലഘട്ടത്തെ വരുതിയിലാക്കി “ഇവൻറ് മാനേജ്മെൻറ് കമ്പനികള്‍”

ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും  തനതു സംസ്കാരവും പൈതൃകവും പരമ്പരാഗത മൂല്യങ്ങളും ഉണ്ട്. അക്കാര്യത്തില്‍ ഇന്ത്യയുടെ കാര്യവും വ്യത്യസ്തമല്ല, ഏകദേശം അയ്യായിരം വർഷങ്ങളുടെ പഴമയും പാരമ്പര്യവും അവകാശപ്പെടുന്ന ആർഷ ഭാരത സംസ്കൃതിയുടെ ഈറ്റില്ലമാണ് ഭാരതം. വൈഷ്ണവം, ശാക്തേയം,സ്മാർത്തം , ശൈവം എന്നിങ്ങനെ നൂറ്റാണ്ടുകളായി തുടർന്നു പോന്ന നാലു ഘട്ടങ്ങളുടെ അവശേഷിപ്പാണ് ഹൈന്ദവ സംസ്കാരം അഥവാ ഹിന്ദുമതം . ഈ സനാതന ധർമ്മത്തിൻെറ ആഴവും പരപ്പും, ശ്രേഷ്ടമായ ഋഷിപ്രോക്ത പാരമ്പര്യത്തിൻെറ പിൻബലമുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളുമാണ്. കുടുംബം എന്ന സ്ഥാപനത്തിൻെറ അടിസ്ഥാനം അഥവാ അസ്ഥിവാരം എന്നു പറയുന്നത് ആദിമകാലം തൊട്ടേ പുരുഷനും സ്ത്രീയും കെട്ടുതാലിയില്‍ ഒന്നിക്കുന്ന കല്യാണം എന്ന അതിപ്രാചീനമായ നാട്ടു നടപ്പാണ്, ഹിന്ദു സംസ്കാരത്തില്‍ താലികെട്ട് അനുഷ്ഠാനവും കല്യാണം ആചാരവുമാണ്. കല്യാണത്തിന് മറ്റു പേരുകളുണ്ട്,  മംഗല്യം, വിവാഹം, പുടവ കൊടുക്കല്‍ എന്നിങ്ങനെയൊക്കെ പലതരത്തില്‍ പറയാറുണ്ട്‌. എന്നാല്‍ ബ്രാഹ്മണ വിഭാഗത്തിൻെറ (നമ്പൂതിരി സമുദായം) വിവാഹത്തിനു “വേളി” എന്നാണു പറയുക. വേളി കൂടാതെ നമ്പൂതിരിക്കു സംബന്ധം എത്ര വേണമെങ്കിലും ആകാം. കല്യാണസംബന്ധമായി ഇങ്ങിനെ വലിച്ചു നീട്ടി വിവരിക്കുന്നത് നാം ജീവിക്കുന്ന ഇന്നത്തെ ആധുനിക ജീവിതവുമായി “ഇവൻറ് മാനേജ്മെൻറ് കമ്പനി” എന്ന വ്യവസ്ഥാപിത പ്രവൃത്തി മണ്ഡലത്തിനുള്ള കാലഘട്ടം ആവശ്യപ്പെടുന്ന പ്രതിനിധാനത്തെക്കുറിച്ച് വർണ്ണിക്കാനാണ്.

അറിഞ്ഞോ അറിയാതെയോ പരമ്പരാഗത ചിട്ടവട്ടങ്ങളോട്‌ പ്രഹരം ഏൽപ്പിച്ചു ഇവൻറ് മാനേജ്മെൻറ് കമ്പനികള്‍ മുന്നേറുന്നു.
ഇനി കാര്യത്തിലേക്ക് കടക്കാം , ഹിന്ദുക്കള്‍ കല്യാണവുമായി ബന്ധപ്പെട്ട പഴമയുടെ പാരമ്പര്യത്തെ പാടെ തിരസ്കരിച്ചു കഴിഞ്ഞു, ഏകദേശം രണ്ടു ദശാബ്ദങ്ങള്‍ മുന്‍പുവരെ ഹിന്ദു ഭവനങ്ങളില്‍ ഏതെങ്കിലും ഒരംഗത്തിനു കല്യാണമായാല്‍ കുടുംബത്തിലെ കാരണവരുടെയോ, പ്രായം ചെന്നവരുടെയോ നിർദ്ദേശങ്ങള്‍ക്കും  അഭിപ്രായങ്ങള്‍ക്കും എല്ലാവരും അർഹിക്കുന്ന പരിഗണന നൽകുമായിരുന്നു. എന്നുവച്ചാല്‍ ഹിന്ദു വിവാഹത്തിനു അതുമായി ബന്ധപ്പെട്ടു വേറെയും ചടങ്ങുകള്‍ ഉണ്ടായിരുന്നു. അതെല്ലാം പരമ്പരാഗതമായി തുടർന്നു പോന്നിരുന്ന കാര്യങ്ങളാണ്‌. അക്കാലത്ത് ഹിന്ദു കല്യാണത്തോടനുബന്ധിച്ചുള്ള സദ്യകള്‍ ഏറ്റെടുത്തു നടത്തിയിരുന്നത് “ദേഹണ്ഡക്കാര്‍” എന്നു പറയുന്ന പാചക കലയില്‍ പ്രാവീണ്യമുള്ള ഹിന്ദു വിഭാഗമാണ്‌. അവര്‍ പപ്പടം, പഴം, പായസം, നല്ല കുത്തരിച്ചോറ്, രുചികരമായ കറികള്‍ (സസ്യം) എന്നിവ ഉള്‍പ്പെടെ ഒന്നാംതരം സദ്യ ഒരുക്കുമായിരുന്നു, പക്ഷെ അതെല്ലാം ഇന്നു വെറുതെ ഓർമ്മകള്‍ മാത്രമായി. പഴയ നന്മയുടെ കാലം നമുക്ക് നഷ്ടമായി, അത്തരം നാട്ടുനടപ്പുകള്‍ ഇന്നില്ല, ഇന്നു കല്യാണവും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏറ്റെടുത്തു നടത്തുന്നത് “ഇവൻറ് മാനേജ്മെൻറ് കമ്പനി”കളാണ്. നമുക്കറിയാവുന്നതുപോലെ ജാതിവ്യവസ്ഥ പ്രകാരം ഹിന്ദുക്കളില്‍ നാലു വിഭാഗം ഉണ്ടല്ലോ, യഥാക്രമം ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ വിഭാഗങ്ങളും അതില്‍ താഴെയുള്ളവരുമാണ്. എല്ലാവരും ഹിന്ദുക്കള്‍ തന്നെ, പക്ഷെ ഹിന്ദുക്കളിലെ എല്ലാ വിഭാഗവും പരമ്പരാഗതമായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഉപേക്ഷിച്ച മട്ടാണ്. കല്യാണ പന്തല്‍, കല്യാണ മണ്ഡപം, വധുവിനെ അണിയിച്ചോരുക്കല്‍ (വരനെയും), താലികെട്ട്, സദ്യ വരെയുള്ള കാര്യങ്ങളെല്ലാം  ഇപ്പോള്‍ ഇവൻറ് മാനേജ്മെൻറ് കമ്പനികളാണ് ചെയ്യുന്നത്. നാട്ടില്‍ കല്യാണം വന്നാലും, നിശ്ചയമായാലും, ജന്മദിനമായാലും, ഏതുതരം മംഗള കർമ്മമായാലും എല്ലാമെല്ലാം ഇവൻറ് മാനേജ്മെൻറ് കമ്പനികളുടെ കയ്യില്‍ ഭദ്രം എന്ന നിലയ്ക്കാണ് കാര്യങ്ങളുടെ പോക്ക്.

നസ്രാണി വിവാഹങ്ങള്‍ക്കുമുണ്ട്  ഇവൻറ് മാനേജ്മെൻറ് കമ്പനികളുടെ നിർണായക സ്വാധീനം . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എല്ലാമെല്ലാം ഇവൻറ് മാനേജ്മെൻറ് മയം. അതേ നമ്മുടെ സമൂഹത്തിലെ പരമ്പരാഗതമായ ഒരുപിടി നന്മകളും അനുഷ്ഠാനങ്ങളും, ചടങ്ങുകളും തേച്ചു മാച്ചുകളഞ്ഞത് ഇവൻറ് മാനേജ്മെൻറ് കമ്പനികളാണ്. ഇന്ത്യയില്‍ അല്പം വൈകിവന്ന സെമറ്റിക് മതങ്ങളുടെ കാര്യവും വ്യത്യസ്ത്മല്ല, ക്രിസ്ത്യാനികളും മുസ്ലീമുകളും പരമ്പരാഗത മാമൂലുകളെ ഉപേക്ഷിക്കുകയോ, അവഗണിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ക്രിസ്ത്യന്‍ വീടുകളിലെ വിവാഹം, മാമോദീസ, ഗുഹപ്രവേശം തുടങ്ങി എല്ലാ കാര്യങ്ങളും ഇപ്പോള്‍ ചെയ്തുവരുന്നത് ഇവൻറ് മാനേജ്മെൻറ് കമ്പനികളാണ്. മേൽപ്പറഞ്ഞ മംഗള കർമ്മങ്ങള്‍ക്ക്  അനുബന്ധമായി വേണ്ടിവരുന്ന സദ്യ അഥവാ ലഞ്ച് ഒരുക്കിയിരുന്നത് നാടന്‍ ഭാഷയില്‍ “കോക്കി” എന്നു പറയപ്പെടുന്ന പാചക വിദഗ്ദനായിരുന്നു, അദ്ദേഹത്തിൻെറ കീഴില്‍ സഹായിക്കാനായി ഒന്നോ രണ്ടോ ശിഷ്യന്മാരും കാണും. വിവാഹം, മാമോദീസ, ഗുഹപ്രവേശം തുടങ്ങിയ മംഗള കർമ്മങ്ങള്‍ക്ക് പങ്കെടുക്കാനായി വിളിക്കപ്പെടുന്ന ബന്ധുക്കളുടെയും നാട്ടിലെ തിരഞ്ഞെടുക്കപ്പെട്ട വീട്ടുകാരുടെയും കൂട്ടുകാരുടെയുമെല്ലാം ഏകദേശ എണ്ണമെടുത്ത ശേഷം അതു കോക്കിയെ ഏല്പ്പി ക്കും, അതനുസരിച്ച് കോക്കിയാണ് സദ്യക്കുവേണ്ട വിഭവ,  ഉപോൽപ്പ ന്നങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. അതുപ്രകാരം ആയിരിക്കും സദ്യക്ക് വേണ്ട ഭക്ഷണം തയ്യാറാക്കുന്നത്, ഈ “കോക്കി” എന്നു പറയുന്നത് ക്രിസ്ത്യന്‍ കുക്കിൻെറ അപരനാമമാണ്. നിർഭാഗ്യവശാല്‍ എല്ലാം കൈവിട്ടു പോയി. ഇപ്പോള്‍ വിവാഹം, മാമോദീസ, ഗുഹപ്രവേശം തുടങ്ങിയ ക്രിസ്ത്യാനി വീടുകളിലെ മംഗള കർമ്മങ്ങളെല്ലാം “ഇവൻറ് മാനേജ്മെൻറ് കമ്പനി”കളാണ് ഏറ്റെടുത്തുകൊണ്ട് നടത്തുന്നത്. മുസ്ലീം വിഭാഗത്തിൻെറ   കാര്യവും വ്യത്യസ്തമല്ല.  ഇന്ന് കേരളത്തില്‍ മാത്രം നൂറുകണക്കിന് ഇവൻറ് മാനേജ്മെൻറ് കമ്പനികള്‍ ഉണ്ട്, അവരില്‍ പലരും വളരെ വലിയ സാമ്പത്തികോന്നതി നേടിക്കഴിഞ്ഞു. കേരളത്തിലെ എല്ലാ ഫൈവ്‌സ്റ്റാര്‍ ഹോട്ടലുകൾക്കും, കല്യാണ മണ്ഡപങ്ങൾക്കും , ക്രിസ്ത്യന്‍ ദേവാലയങ്ങൾക്കും സ്ഥിരം ഇവൻറ് മാനേജ്മെൻറ് പ്രവർത്തനങ്ങള്‍ നൽകുന്ന ഇവൻറ് മാനേജ്മെൻറ് കമ്പനികള്‍ ഉണ്ട്. ദോഷം പറയരുതല്ലോ , നൂറുകണക്കിന് യുവതീയുവാക്കൾക്കും ഇവൻറ് മാനേജ്മെൻറ് കമ്പനികള്‍ വ്യത്യസ്ത തരം ജോലികള്‍ നൽകുന്നുണ്ട്.
എല്ലാ കാര്യങ്ങളിലും ഇവൻറ് മാനേജ്മെൻറ് ഒരു ന്യൂ ജെന്‍ അഡിക്ഷന്‍
എന്ന് പ റഞ്ഞതുപോലെ നമ്മുടെ നാട്ടില്‍ (ഈ കൊച്ചു കേരളത്തില്‍) ന്യൂ ജെന്‍ എന്നു വിളിക്കപ്പെടുന്ന ന്യൂ ജനറേഷന്‍ തലമുറയിലെ ചെറുപ്പക്കാരും യുവതീയുവാക്കളും ഇവൻറ് മാനേജ്മെൻറ് കമ്പനികളും ചേർന്ന് ഹിന്ദു/ക്രിസ്ത്യന്‍  മൂല്യങ്ങളെ കാറ്റില്‍ പറത്തി, അവര്‍ ശക്തമായ അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരുന്ന കാരണവന്മാരെ മൂലയ്ക്കിരുത്തിക്കളഞ്ഞു. പുതിയ തലമുറ അല്പംപോലും കഷ്ടപ്പെടാന്‍ തയ്യാറല്ല, സ്വന്തം നിലയ്ക്കു കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ അവർക്ക് ധൈര്യമില്ല, ആത്മ വിശ്വാസമില്ല. അതുകൊണ്ടുതന്നെ അവര്‍ ഇവന്റ്മാ നേജ്മെന്റ് കമ്പനികളെ അമിതമായി ആശ്രയിക്കുന്നു. അവരുടെ സേവനങ്ങളെ ആർക്കും കുറച്ചുകാണാന്‍ കഴിയില്ല.  എന്തിനേറേ എല്ലാത്തരം പൊതു സമ്മേളനങ്ങള്‍ വരെ ഇവൻറ് മാനേജ്മെൻറ് കമ്പനികള്‍ ഏറ്റെടുത്തു തുടങ്ങി. സാധാരണയായിഅവര്‍ വളരെ ഭംഗിയായി നടത്തിവരുന്ന ചില മംഗള കർമ്മങ്ങള്‍ താഴെ പറയും വിധമാണ്.
• വിവാഹ നിശ്ചയം
• വിവാഹം
• ജന്മദിനം
• ഗൃഹ പ്രവേശം
• മാമോദീസ
• ആദ്യ കുർബാന
• പ്രൊഡക്റ്റ് ലോഞ്ചിംഗ്
• വാർഷികങ്ങള്‍
• ഏഴ്, നാൽപത് തുടങ്ങിയ ക്രിസ്ത്യന്‍ ചടങ്ങുകള്‍
• സപ്തതി

കൂടുതൽ ചടങ്ങുകളിലേക്കും അവരുടെ കാൽവെപ്പ് നമുക്കിനി പ്രതീക്ഷിക്കാം….

 

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.