വെള്ളത്തിനടിയില്‍ പള്ളി നിര്‍മ്മിച്ച് ദുബായ് ലോകത്തെ ഞെട്ടിക്കാനൊരുങ്ങുന്നു

അമ്പരപ്പിക്കുന്ന കെട്ടിട നിര്‍മിതികള്‍ കൊണ്ട് ലോകത്തെ ഞെട്ടിച്ച ദുബായ് വെള്ളത്തിനടിയില്‍ പള്ളി നിര്‍മ്മിക്കാനൊരുങ്ങുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ ഫ്‌ളോട്ടിംഗ് മോസ്‌ക് ആയിരിക്കും ഇത്. ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് (ഐ. സി എ .ഡി ) അധികൃതര്‍ ആണ് അണ്ടര്‍വാട്ടര്‍ ഫ്‌ളോട്ടിംഗ് മോസ്‌ക് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ മതപരമായ ടൂറിസം ഡ്രൈവിൻെറ ഭാഗമാണ് മെഗാ പ്രോജക്ടെന്ന് അതോറിറ്റി പറഞ്ഞു. 55 മില്യണ്‍ ദിര്‍ഹം (125 കോടി രൂപ) ചിലവ് വരുന്ന പള്ളിയുടെ നിര്‍മാണം അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാക്കി സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കും. മൂന്ന് നിലകളായിരിക്കും പള്ളിയില്‍ ഉണ്ടായിരിക്കുക. ഒരേ സമയം 50 മുതല്‍ 75 വരെ വിശ്വാസികള്‍ക്ക് ആരാധന നടത്താന്‍ സഹായിക്കുന്ന പ്രാര്‍ത്ഥനാ ഹാള്‍ വെള്ളത്തിനടിയിലായിരിക്കും.

പള്ളിയുടെ പകുതി ഭാഗം വെള്ളത്തിനടിയിലും പകുതി ഭാഗം മുകളില്‍ പൊങ്ങി കിടക്കുന്ന തരത്തിലുമാണ് നിര്‍മാണം. വെള്ളത്തിന് മുകളില്‍ സജ്ജീകരിക്കുന്ന രണ്ട് നിലകളില്‍ ഇസ്ലാമിക പ്രഭാഷണങ്ങള്‍ക്കും ശില്പശാലകള്‍ക്കും ഇടമുണ്ടായിരിക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക വിശ്രമകേന്ദ്രവും കോഫി ഷോപ്പും ഇതില്‍ ഉള്‍ക്കൊള്ളും. ഐ. സി .എ. ഡിയുടെ മതപരമായ വിനോദസഞ്ചാര പദ്ധതികള്‍ വിശദീകരിക്കുന്നതിനിടെയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഇസ്ലാമിക ആചാരങ്ങള്‍ക്കനുസൃതമായി എല്ലാമതവിഭാഗത്തില്‍ പ്പെട്ടവര്‍ക്കും പള്ളിയിലേക്ക് പ്രവേശനം അനുവദിക്കും . എന്നാല്‍ സന്ദര്‍ശകര്‍ മാന്യമായ വസ്ത്രം ധരിക്കണമെന്നും സ്ത്രീകള്‍ തലയും തോള്‍ഭാഗവും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പള്ളിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും എന്നാല്‍ എവിടെയാണ് പള്ളി നിര്‍മിക്കുന്നത് എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തീരത്തോട് വളരെ അടുത്തായിരിക്കും പള്ളി നിര്‍മ്മിക്കുക എന്നും വിശ്വാസികള്‍ക്ക് കരയില്‍ നിന്ന് പള്ളിയിലേക്കെത്താന്‍ പാലം നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.