കേന്ദ്രബജറ്റ് : 7 ലക്ഷം വരെ ആദായനികുതിയില്ല
ന്യൂഡൽഹി: ആദായനികുതി പരിധിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഏഴു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കി. നേരത്തെ ഇത് 5 ലക്ഷമായിരുന്നു.
നികുതി സ്ലാബുകള്‍ അഞ്ചെണ്ണമാക്കിയിട്ടുണ്ട്. മൂന്നു ലക്ഷം വരെ നികുതി നല്‍കേണ്ടതില്ല. 3 മുതല്‍ 6 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 5 ശതമാനം നികുതി. 6 മുതല്‍ 9 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനവും, 9 മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും, 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനവും, 15 ലക്ഷത്തിനു മുകളില്‍ 30 ശതമാനവുമായിരിക്കും നികുതി.
സ്‌ത്രീകൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക പദ്ധതി
വനിതകൾക്കും പെൺകുട്ടികൾക്കും പുതിയ നിക്ഷേപ പദ്ധതി ധനമന്ത്രി ബജറ്റിൽ അവതരിപ്പിച്ചു. ഇവർക്ക് സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റുവഴി 2 ലക്ഷം രൂപയുടെ നിക്ഷേപം വരെ നടത്താം. ഇതിന് 2 വർഷത്തേക്ക് 7.5% പലിശ ലഭിക്കുമെന്നും ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി.
ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് 900 കോടി അനുവദിക്കും,ചെറുകിട സ്ഥാപനങ്ങൾക്ക് 1 % പലിശയാക്കി കുറയ്ക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. കോസ്റ്റൽ ഷിപ്പിങ്ങ് പ്രോത്സാഹിപ്പിക്കും. സംസ്ഥാനങ്ങളുടെ പഴയ വാഹനങ്ങൾ മാറുന്നതിനും ആബുലൻസ് മാറ്റുന്നതിനും സഹായം അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.
സ്വർണം, സിഗരറ്റ് വില കൂടും;
മൊബൈൽ ഫോണുകളുടെ വില കുറയും
. ബജറ്റ് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷങ്ങളിൽ സ്വർണം, വെള്ളി എന്നിവയുടെ വില വർധിക്കും.മൊബൈൽ ഫോണുകളുടെ വില കുറയും. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ടെലിവിഷന്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ല്‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് 3 വര്‍ഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി.
വില കൂടുന്നവ:
സ്വർണം
വെള്ളി
ഡയമണ്ട്
സിഗരറ്റ്
വസ്ത്രം
വില കുറയുന്നവ:
മൊബൈൽ ഫോൺ
ടിവി
ക്യാമറ ലെന്‍സ്
കംപ്രസ്ഡ് ബയോ ഗ്യാസ്
ലിഥിയം ബാറ്ററി
ഹീറ്റിംഗ് കോയിൽ
ഇലകട്രിക്ക് വാഹനങ്ങളുടെ ബാറ്ററി
ഗ്രാമീണ മേഖലയ്ക്കായി കാര്‍ഷിക സ്റ്റാര്‍ട് അപ്പുകള്‍
ഗ്രാമീണ മേഖലയിലെ കാർഷിക സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി അഗ്രി കൾച്ചർ ആക്സിലറേറ്റർ ഫണ്ട് സ്ഥാപിക്കുമെന്ന് കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ. 2200 കോടി രൂപ ചിലവിൽ ആത്മ നിർഭർ ഭാരത് ക്ലീൻ പാന്‍റ് പദ്ധതി തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
കണ്ടൽ കാടുകളുടെ സംരക്ഷണത്തിനായി മിഷ്ടി പദ്ധതി ആരംഭിക്കുമെന്നും തണ്ണീർതട വികസനത്തിനായി അമൃത് ദരോഹർ പദ്ധതി ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൂടാതെ 10,000 ബയോ ഇൻപുട്ട് റിസേർച്ച് സെന്‍റർ സ്ഥാപിക്കാനും ബജറ്റിൽ പറയുന്നു.
ഹരിതോർജ വികസനം ലക്ഷ്യമിട്ട് ഗ്രീൻ ഹൈഡ്രജൻ മിഷന്‍റെ ഭാഗമായി 19700 കോടി രൂപ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി പിഎം പ്രണാം പദ്ധതിക്കും തുടക്കമിടുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.