പാന്‍ കാർഡ് ഇനി മുതൽ തിരിച്ചറിയൽ കാർഡുകളായി സ്വീകരിക്കും
ന്യൂഡൽഹി: ഇ-കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് 7000 കോടി അനുവദിച്ചതായി ധനമന്ത്രി. പാന്‍ കാർഡ് ഇനിമുതൽ തിരിച്ചറിയൽ കാർഡുകളായി സ്വീകരിക്കും. കെ.വൈ.സി ലളിതവത്കരിക്കും. 3 വർഷത്തിനകം 1 കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും. 10,000 ബയോ ഇന്‍പുട് റിസോഴ്‌സ് സെന്‍ററുകള്‍ രാജ്യത്താകെ തുടങ്ങും.
നിലവില്‍ കേന്ദ്രം ലഭ്യമാക്കിയ ഡിജി ലോക്കര്‍ സേവനം കൂടുതല്‍ മേഖലകളില്‍ പ്രയോജനപ്പെടുത്തും. വിവിധ ആവശ്യങ്ങള്‍ക്കായി ഡിജി ലോക്കറില്‍ സൂക്ഷിക്കുന്ന ഔദ്യോഗിക രേഖകള്‍ സുരക്ഷിതമായി അതാത് സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിനുള്‍പ്പടെയുള്ള സൗകര്യം ഒരുക്കുമെന്നും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.
5ജി സേവനം വ്യാപകമാക്കുമെന്നും 5ജി ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും. പുതിയ അവസരങ്ങൾ, ബിസിനസ്സ് മോഡലുകൾ, തൊഴിൽ സാധ്യതകൾ, ലാബുകൾ, സ്മാർട്ട് ക്ലാസ്റൂമുകൾ, പ്രിസിഷൻ ഫാമിംഗ്, ഇന്‍റലിജന്‍റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ് & ഹെൽത്ത്‌കെയർ തുടങ്ങിയ ആപ്പുകൾ ഇതിൽ ഉൾപ്പെടുന്നതാണ്.
രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി ‘മേക്ക് എഐ ഫോര്‍ ഇന്ത്യ’, മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ’ എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി 3 കേന്ദ്രങ്ങള്‍ സ്ഥാപിക്കും. 5ജി സാങ്കേതിക വിദ്യാ വികാസത്തിന് വേണ്ടി വിവിധ എഞ്ചിനീയറിങ് കോളെജുകളിലായി 100 5ജി ലാബുകള്‍ക്ക് തുടക്കമിടും.