യു.എ.ഇയിലെ പ്രവാസികൾക്ക് പ്രശ്നപരിഹാരവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ഇന്ത്യന്‍ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യു.എ.ഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. പ്രവാസികള്‍ക്ക് യു.എ.ഇയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലോ അവ പരിഹരിക്കാന്‍ കോണ്‍സുലാര്‍ സഹായം വേണമെങ്കിലോ ഇനി നൂതന മാര്‍ഗത്തിലൂടെ സഹായം ലഭിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ്, ചാറ്റ്‌ബോട്ട് സൗകര്യങ്ങളാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിൻെറ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്നത്. ദുബായിലാണ് കോണ്‍സുലേറ്റുള്ളത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പ്രവാസി ഭാരതീയ സഹായത കേന്ദ്രയുടെ പ്രവര്‍ത്തനങ്ങള്‍ നൂതനമാക്കാനാണ് തീരുമാനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സഹായ കേന്ദ്രം ഇതോടെ ലഭ്യമാകും. പുതിയ ഫീച്ചറുകളും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുബായിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ട കോണ്‍സുലാര്‍ സേവനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ദൗത്യമാണ് ഇതിലൂടെ ആരംഭിക്കുന്നത്. ദുബായിലേക്ക് പി.ബി.എസ്‌.കെയുടെ ലൊക്കേഷന്‍ മാറ്റിയശേഷം പരാതികളുടെ പ്രളയമാണ് ഉണ്ടായിരിക്കുന്നത്. എല്ലാ പ രാതികള്‍ക്കും പരിഹാരമുണ്ടാക്കാന്‍ കൂടിയാണ് എ.ഐ, ചാറ്റ്‌ബോട്ട് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം ശരാശരി 3500 കോളുകളാണ് പി.ബി.എസ്‌.കെയെ തേടിയെത്തുന്നത്. മെസേജുകളും, ഇമെയിലുകളും, എംബസിയില്‍ നേരിട്ടെത്തുന്നവരും ധാരാളമുണ്ടെന്നും എംബസി അറിയിച്ചു.

ഇന്ത്യന്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് ദാതാക്കളായ സോഹോ കോര്‍പ്പറേഷനുമായി പി.ബി.എസ്‌.കെയുമായി കൈകോര്‍ത്തിരിക്കുകയാണ് കോണ്‍സുലേറ്റ്. ഇതിലൂടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. സോഹോ കോര്‍പ്പറേഷന്‍, പി.ബി.എസ്‌.കെയുടെ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.സോഹോയുടെ സഹായം വരുന്നതോടെ പി.ബി.എസ്‌.കെയുടെ പ്രവര്‍ത്തനം തന്നെ മാറും. യു.എ.ഇയിലെ ഇന്ത്യക്കാര്‍ക്ക് കോണ്‍സുലാര്‍ സേവനങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. അടിമുടി മാറ്റം വന്ന പി.ബി.എസ്‌.കെ സംവിധാനം ഏറ്റവും നൂതന സംവിധാനമാണ് ഉപയോഗിക്കുക. യൂസര്‍മാര്‍ക്ക് പേഴ്‌സണലൈസ്ഡ് സപ്പോര്‍ട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ലഭ്യമാക്കും. ചാറ്റ്‌ബോട്ട് ഫീച്ചറും ഇതോടൊപ്പം ഉണ്ടാവും. സിജിഐ ദുബായ് വെബ്‌സൈറ്റുമായി ബന്ധിപ്പിച്ച് കൊണ്ടുള്ള പുതിയ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ അറിയേണ്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കും. സൈറ്റില്‍ സ്ഥിരമായി വരുന്ന ചോദ്യങ്ങളും, അതിനുള്ള ഉത്തരങ്ങളുമാണ് നല്‍കുക.

വിര്‍ച്വല്‍ ചാറ്റ്‌ബോട്ടിൻെറ സഹായത്തോടെ കോണ്‍സുലേറ്റിൻെറ കീഴില്‍ ലഭ്യമാകുന്ന സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍, കോണ്‍സുലാര്‍, ലേബര്‍, വിസ, ട്രേഡ്, കൊമേഴ്‌സ് ആന്‍ഡ് എജുക്കേഷന്‍ തുടങ്ങിയ വിഷയങ്ങളിലുള്ള വിവരങ്ങളാണ് ലഭിക്കുക. ചാറ്റ്‌ബോട്ടിന് നിങ്ങളുടെ ഇ-മെയില്‍ ഐ.ഡി നല്‍കിയ ശേഷം സര്‍വീസ് ലഭ്യമാവും. ഇമെയില്‍ ഐഡി ഇല്ലാത്തവര്‍ക്ക് മൊബൈല്‍ നമ്പര്‍ വെച്ച് ലോഗിന്‍ ചെയ്ത് സംശയങ്ങള്‍ ചോദിക്കാവുന്നതാണ്. ലീഗല്‍, സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ് സര്‍വീസുകള്‍ക്കുള്ള അപ്പോയിന്റമെന്റുകള്‍ക്കുള്ള ഓണ്‍ലൈന്‍ സംവിധാനവും കോണ്‍സുലേറ്റിൻെറ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.