കുട്ടനാട് ഒരുങ്ങുന്നു; വിദേശികള്‍ക്കായി
അതെ, ടൂറിസത്തിനു ഇപ്പോള്‍ തനി നാടന്‍ ചന്തമാണ്. കേരളത്തിലേക്ക് എല്ലാ വർഷവും ആയിരക്കണക്കിന് വിദേശ സഞ്ചാരികള്‍ വന്നു കൊണ്ടിരുന്നതാണ്. പക്ഷെ കഴിഞ്ഞ 2018 ലെ പ്രളയം കേരളത്തിൻെറ ടൂറിസം മേഖലയിലെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. ഇപ്പോള്‍ നമ്മുടെ കേരളം പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. അതിൻെറ ഭാഗമായി വൈവിധ്യമാർന്ന തന്ത്രങ്ങളാണ് ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. കുട്ടനാട്ടിലെ ഗ്രാമങ്ങളും ഗ്രാമ ജീവിതവും വിനോദ സഞ്ചാരികളുടെ ആഗ്രഹാഭിലാഷങ്ങളുമായി കൂട്ടിയിണക്കി ടൂറിസത്തിനു പുതിയ മാനം നൽകുകയാണിപ്പോള്‍.
കുട്ടനാടിൻെറ പ്രകൃതി ഭംഗി എത്ര ആസ്വദിച്ചാലും മതി വരില്ല. കുട്ടനാടന്‍ ഗ്രാമങ്ങള്‍ നന്മയുടെ, ഗ്രാമവിശുദ്ധിയുടെ നേർക്കാഴ്ചകള്‍ സമ്മാനിക്കും. ഇപ്പോള്‍ വിനോദ സഞ്ചാരികള്‍ പരിഷ്കരിച്ച ഹൌസ്‌ബോട്ടുകളും, കായല്‍ യാത്രകളും കൈവിട്ടു കഴിഞ്ഞു. അവർക്ക് കുട്ടനാട്ടിലെ ഗ്രാമ ജീവിതങ്ങളിലേക്ക് ഊളിയിട്ട് ഒരു യാത്ര പോകണം. ലോകത്തിൻെറ വിവിധ ഭാഗങ്ങളില്‍ നിന്നും ഇപ്പോള്‍ കേരളത്തിലേക്ക് ചെറിയ തോതിലാണെങ്കിലും ടൂറിസ്റ്റുകളുടെ പ്രവാഹം തുടങ്ങിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളായ ജർമ്മനി, ഫ്രാൻസ്, ആസ്ട്രിയ, സ്പെയിന്‍, ഇറ്റലി, ഹോളണ്ട് എന്നിവിടങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ കേരളത്തിലെത്തുന്നുണ്ട്. എല്ലാവർക്കും കുട്ടനാടിനോട് വല്ലാത്ത പ്രേമമാണ്. അവർക്കെല്ലാം കുട്ടനാട്ടിലെ ചെറുതോടുകളിലൂടെയും ജലാശയങ്ങളിലൂടെയും നാടന്‍ വഞ്ചികളില്‍ കയറി യാത്ര ചെയ്യണം. കുട്ടനാടന്‍ പ്രകൃതി സൌന്ദര്യം ആസ്വദിക്കണം. നാടന്‍ കള്ളുകുടിക്കണം, ഗ്രാമീണ നിഷ്കളങ്ക ജീവിതം നേരിട്ട് അനുഭവിച്ചറിയണം. ഇതൊക്കെയാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ ടൂറിസ്റ്റ് ട്രെൻറ്. ആലപ്പുഴയില്‍ വന്ന് റീസോർട്ടി ലും ഹോം സ്റ്റെയിലും മറ്റും താമസിക്കുന്ന വിനോദസഞ്ചാരികളുടെ പ്രധാന അഭിലാഷം കുട്ടനാടന്‍ ഗ്രാമങ്ങളിലേക്കുള്ള യാത്രയാണ്. ഒരു ദിവസത്തെ കുട്ടനാടന്‍ ഗ്രാമങ്ങളിലേക്കുള്ള ടൂറിനു 1750 രൂപ മുതല്‍ 3500 രൂപ വരെയാണ് ചാർജ് ചെയ്യുന്നത്. ഇപ്പോള്‍ അധികം ടൂറിസ്റ്റുകളും ഹോം സ്റ്റേയിലാണ് താമസിക്കുന്നത്. ഒരു കുട്ടനാടന്‍ ടൂറിസ്റ്റു യാത്രയുടെ വിവരം തരാം. കേരള വാട്ടര്‍ ട്രാൻസ്പോർട്ടിൻെറ വക ബോട്ടുകള്‍ ടൂറിസ്റ്റുകളുമായി രാവിലെ 8 മണിക്ക് ആലപ്പുഴയിലെത്തുന്നു. അധികം പേരും കൈനകരിയില്‍ ഇറങ്ങുന്നു. ബോട്ട് ഡ്രൈവർമാര്‍ ടൂറിസ്റ്റുകളെ അവരുടെ താൽക്കാ ലിക താമസ സ്ഥലത്തെത്തിക്കുന്നു. അവർക്ക് കേരള പ്രാതല്‍ നൽകുന്നു, മിക്കവാറും ദോശയോ, ഇഡലിയോ മറ്റുമാണ് നൽകുന്നത്. പിന്നീട് സ്ഥലത്തെ ബോട്ടുകളില്‍ അവര്‍ ഗ്രാമങ്ങളിലേക്ക് പുറപ്പെടുകയായി. ഏകദേശം ഉച്ചയ്ക്ക് 2 മണിയോടെ അവരെ തിരികെ താമസ സ്ഥലത്തേക്ക് എത്തിക്കുന്നു. അവർക്ക് നല്ല കുത്തരിച്ചോറും മീന്‍ പൊരിച്ചതും മറ്റുമായി തനി കേരള ഊണ് കൊടുക്കുന്നു. അതിനുശേഷം അവര്‍ ഉൾനാടന്‍ ഗ്രാമങ്ങളിലേക്ക് പോകുന്നു. അവര്‍ നല്ല നാടന്‍ കള്ള് കുടിക്കും, ഗ്രാമീണ വിഭവങ്ങള്‍ ആസ്വദിക്കും, ഗ്രാമത്തിൻെറ കാപട്യമില്ലാത്ത ജീവിത നേർക്കാ ഴ്ചകള്‍ ഫോട്ടോഗ്രാഫിയിലും മൂവി ക്യാമറയിലും പകർത്തും . ഒരുകാര്യം ഉറപ്പു പറയാന്‍ കഴിയും എല്ലാവരും നിറഞ്ഞ മനസോടെയാണ് മടങ്ങുന്നത്.