യു.എ.ഇ യില്‍ ഒറ്റപ്പേരുകാര്‍ക്ക് ഷോക്ക് ട്രീറ്റ്മെൻറ്
” ഒറ്റപ്പേരുകാര്‍” ഒരു തിരിച്ചടിയുടെ ഷോക്കില്‍. ദുബായ് ഉൾപ്പെടുന്ന യു.എ,ഇ യില്‍ നിയമങ്ങൾക്ക് ഒട്ടും മാർദ്ദവമില്ല . “ഒരു പേരിലെന്തിരിക്കുന്നുവെന്ന്” പണ്ട് ഏതോ ഒരാള്‍ പറഞ്ഞിട്ടുണ്ട് മഹാനാണോ, പണ്ഡിതനാണോയെന്നറിയില്ല. ഒന്നാലോചിച്ചാല്‍ ഒരു പേരില്‍ ഒന്നുമില്ല, പുരുഷനായാലും സ്ത്രീയായാലും സ്വഭാവത്തിലും പ്രവൃത്തിയിലുമാണ് കാര്യം. പക്ഷേ. സംഗതി വശാല്‍ “ഒരു പേരില്‍ പലതുമുണ്ട്” എന്നു പറയേണ്ടിവരും. അപ്പോള്‍ ചിലരെങ്കിലും ചോദിക്കും എന്താണ് സംഗതി എന്ന്? സംഗതി പറയാം, അല്പം ക്ഷമിക്കൂ.
ഇന്ത്യയിലെ കൊച്ചു കേരളം ഉൾപ്പെടെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലെ പൌരന്മാരും (സ്ത്രീകൾ ഉൾപ്പെടെ) സ്വന്തം നാടുവിട്ടു വിമാനയാത്ര നടത്താറുണ്ട്, യാത്രികർക്ക് തൊഴില്‍ സംബന്ധമായതുൾപ്പെടെ പലവിധ ഉദ്ദേശങ്ങളും കാണും. പക്ഷെ ഇപ്പോള്‍ പലർക്കും വിദേശ മോഹങ്ങള്‍ തകിടം മറിയുന്ന മട്ടിലാണ് ചില നിബന്ധനകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്, ഒറ്റപ്പേരുള്ളവർക്ക് മറ്റൊരു രാജ്യത്ത് ചെന്നാല്‍ വ്യക്തമായ കടമ്പകളെ മറികടക്കേണ്ടി വരുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേർന്നിരിക്കുന്നു. എന്നു വച്ചാല്‍ ഒരു പേരില്‍ പ്രസക്തമായ പലതുമുണ്ടെന്നു പറയേണ്ടി വരും. ഇപ്പോള്‍ ദുബായ് ഇന്ത്യന്‍ പാസ്പോർട്ടില്‍ സര്‍നെയിം ചേർക്കാതെ ഒറ്റപ്പേരുള്ളവർക്ക് NAIC മുന്നറിയിപ്പ് നൽകുന്നു. NAIC എന്നാല്‍ നാഷണല്‍ അഡ്വാൻസ് ഇൻഫർമേഷന്‍ സെൻറര്‍. പാസ്പോർട്ടില്‍ ഉൾപ്പെടുത്തിയിട്ടുള്ള പേരിനോടൊപ്പം നിർബന്ധമായും സര്‍നെയിം വേണമെന്ന് സർക്കുലര്‍ ഇറക്കി. ഇതു വാസ്തവത്തില്‍ അനേകം വരുന്ന ഒറ്റപ്പേരുകാർക്കൊരു ഷോക്കാണ്. ഇതു പക്ഷെ എല്ലാത്തരം വിസകൾക്കും ബാധകമല്ല, സന്ദർശക വിസയില്‍ ദുബായ് ഉൾപ്പെടുന്ന യു.എ.ഇ യിലെത്തുന്ന ഒറ്റപ്പേരുകാർക്ക് പ്രവേശനാനുമതി നിഷേധിക്കുമെന്ന് NAIC അറിയിച്ചു. എന്നാല്‍ റെസിഡൻറ് വിസ പോലെ ചില വിസകളുടെ ആധികാരികതയില്‍ ദുബായിലെത്തുന്നവർക്ക് പ്രവേശനാനുമതിയുടെ കാര്യത്തില്‍ തടസമില്ല. അവർക്ക് നിയമം അനുകൂലമാണ്. ഇത് വ്യക്തമായ ഉദാഹരണമോടെയാണ് അധികൃതര്‍ അറിയിച്ചത്. അതായത് “മുഹമ്മദ്” എന്ന പേരുമാത്രം പാസ്പോർട്ടില്‍ രേഖപ്പെടുത്തിയവർക്ക് യു.എ.ഇ സന്ദർശനം അനുവദിക്കില്ല. ഓർക്കാപ്പുറത്ത് ഇത്തരം കാർക്കശ്യ നിബന്ധനകള്‍ പുറപ്പെടുവിക്കുന്നത് ഒറ്റപ്പേരുകാരെ മാനസികമായി തളർത്തും. വാസ്തവത്തില്‍ പാസ്പോർട്ടില്‍ ഗിവന്‍ നെയിം മാത്രം നൽകുന്നവർക്കാണ് ഇത് തിരിച്ചടിയാകുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് അയാട്ട (IATA) ഇത്തരം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ നിബന്ധന വീണ്ടും കുത്തിപ്പൊക്കി കൂടുതല്‍ തീവ്ര നിലപാടെടുത്തിരിക്കുകയാണ്. ഇതിൻെറ പിന്നില്‍ ചില ലക്ഷ്യങ്ങള്‍ ഉണ്ട്, പ്രധാനമായും വ്യാജ വിസയില്‍ ദുബായില്‍ എത്തുന്നവരെ ചെറുത്ത് തടയിടുന്നതിനു വേണ്ടിയാണെന്നാണ് യു.എ.ഇ സർക്കാര്‍ പറയുന്നത്.
എല്ലാ വർഷവും യു.എ.ഇയിലേക്ക് നൂറുകണക്കിനാളുകള്‍ അനധികൃതമായി പ്രവേശിക്കുന്നുണ്ടത്രേ. എന്നാല്‍ ചില പ്രത്യേക സന്ദർഭങ്ങളില്‍ ദുബായ് ഉൾപ്പെടുന്ന യു.എ.ഇ യില്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനവും ഉണ്ടായിരുന്നു, ഇതു പക്ഷെ ദുബായ് ടൂറിസം പ്രൊമോഷൻെറ ഭാഗമായിരുന്നു. അപ്രതീക്ഷിതമായി എന്തും സംഭവിക്കാവുന്ന ലോക സാഹചര്യങ്ങളെ (യു.എ.ഇയില്‍ നിന്ന് മാത്രമല്ല) അഭിമുഖീകരിക്കാന്‍ നാം എപ്പോഴും സജ്ജമായിരിക്കണം. എന്തായാലും യു.എ.ഇയുടെ നടപടി പാസ്പോർട്ടില്‍ ഗിവന്‍ നെയിം മാത്രം നൽകിയ ഒറ്റപ്പേരുകാർക്ക് തിരിച്ചടി കിട്ടിക്കഴിഞ്ഞു, അവര്‍ ഇനി പുതിയ പാസ്പോർട്ട് എടുക്കേണ്ടിവരും, അതില്‍ പേരിനോടൊപ്പം സര്‍ നെയിം ചേർത്തിരിക്കണം. അല്ലാത്ത പാസ്പോർട്ട് ഉടമകളെ യു.എ.ഇ നിരാകരിക്കുമെന്ന സ്ഥിതി വന്നുകഴിഞ്ഞു. ഒറ്റപ്പേരുകാരുടെ പാസ്പോർട്ട് സംബന്ധമായ സാമ്പത്തിക നഷ്ടം അവര്‍ തന്നെ സഹിക്കാന്‍ നിർബന്ധിതരാണ്. ഇനി മുതല്‍ പുതിയ പാസ്പോർട്ട് എടുക്കുന്നവര്‍ സര്‍ നെയിം ഉൾപ്പെ ടെ പുതിയ പേരുള്ള പാസ്പോർട്ട് വേണം സ്വന്തമാക്കേണ്ടത്. ഇനി യു.എ.ഇയുടെ ചുവടു പിടിച്ചു ലോകത്തിലെ എല്ലാ രാജ്യങ്ങളും ഇക്കാര്യം നിയമമായി അയാട്ട അംഗീകാരമോടെ പ്രാബല്യത്തില്‍ വരുത്തിയേക്കും. അതുകൊണ്ട് ഒറ്റപ്പേരുകാരേ, മറ്റേക്കാര്യം മറക്കേണ്ട, നിങ്ങളുടെ പാസ്പോർട്ടില്‍ പേരിൻെറ അറ്റത്തു സര്‍നെയിം നിർബന്ധമായും ഉണ്ടായിരിക്കണം.