മലയാളിയായ പ്രമീളയ്ക്ക് യു.എ.ഇ സർക്കാർ പുരസ്കാരം

തൊഴിൽ മികവിന് യു .എ .ഇ മാനവ വിഭവശേഷി -സ്വദേശിവത്കരണ മന്ത്രാലയത്തിൻെറ പുരസ്കാരം നേടി മലയാളി. അബുദാബി കനേഡിയൻ മെഡിക്കൽ സെൻററിലെ (സി. എം .സി) ശുചീകരണ തൊഴിലാളിയായ പ്രമീള കൃഷ്ണനാണ് (51) പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം ദിർഹം ആണ് സമ്മാനം. അതായത് 22 ലക്ഷത്തിലേറെ ഇന്ത്യ രൂപ. ഇത് കൂടാതെ സ്വർണനാണയം, സർടിഫിക്കറ്റ്, മൊമെൻടോ, ഇൻഷുറൻസ് കാർഡ്, ഗിഫ്റ്റ് വൗച്ചർ എന്നിവയടങ്ങുന്ന സമ്മാനങ്ങളും പ്രമീളക്ക് ലഭിച്ചു. 13 വർഷത്തെ മികച്ച സവേനത്തിനാണ് പ്രമീളയ്ക്ക് പുരസ്കാരം ലഭിച്ചത്.

അബുദാബിയിൽ നഴ്സായ സഹോദരനാണ് പ്രമീളയെ സന്ദർശക വിസയിൽ ദുബായിൽ കൊണ്ടുവന്നത്. ഭർത്താവിൻെറ മരണത്തോടെ മക്കളെ എങ്ങനെ പഠിപ്പിക്കുമെന്ന് അറിയാതെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലായിരുന്നു ഇത്. ഒടുവിൽ കനേഡിയൻ മെഡിക്കൽ സെൻററിൽ ജോലി ലഭിച്ചു. ഈ ജോലിയിലൂടെയാണ് പ്രമീള തൻെറ ജീവിതം കെട്ടിപടുത്തത്. മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകി. മുത്ത മകൾ ഗായത്രി സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. മകൻ വിഷ്ണു അനാഥാലയത്തിൽ ജോലി ചെയ്യുന്നു. ഇരുവരും വിവാഹിതരാണ്. നാട്ടിൽ വീട് പണി അവസാന ഘട്ടത്തിലാണെന്നും പുരസ്കാര തുക വീട് പണിക്ക് വേണ്ടി എടുത്ത 10 ലക്ഷം രൂപ വായ്പ അടച്ച് തീർക്കാൻ ഉപകരിക്കുമെന്നും പ്രമീള പറഞ്ഞു.

13 വർഷം മുൻപാണ് താൻ ഇവിടേക്ക് വന്നതെന്ന് പ്രമീള പറയുന്നു. തുടക്കത്തിൽ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. ഇവിടെ ഡോക്ടർമാരുടേയും നഴ്സുമാരുടേയും കൂടെ നിന്നാണ് കാര്യങ്ങൾ പഠിച്ചത്. എനിക്ക് പുരസ്കാര നേട്ടത്തിൽ വലിയ സന്തോഷമുണ്ട്. കൂടുതൽ ആത്മാർത്ഥതയോടെ ജോലി ചെയ്യാനുള്ള പ്രോത്സാഹനം കൂടിയാണ് ഈ പുരസ്കാരം- പ്രമീള പറഞ്ഞു.

അതേസമയം ഇതാദ്യമായല്ല പ്രമീളയ്ക്ക് പുരസ്കാരം ലഭിക്കുന്നത്. നേരത്തെ അബുദാബി മനുഷ്യവിഭവ മന്ത്രാലയത്തിൻെറ എമിറേറ്റ്സ് ലേബർ മാർക്കറ്റ് പുരസ്കാരവും സി.എം,സിയുടെ അവാർഡും പ്രമീളക്ക് ലഭിച്ചിട്ടുണ്ട്.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.