ഉദയസൂര്യന്‍റെ മരണം
ചിലരുടെ വേർപാട് ഉണങ്ങാത്ത മുറിവ് പോലെയാണ്, അത് അവരെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരുടെ മനസില്‍ വേദനയുടെ കനലെരിയുന്ന ഓർമ്മകളായ്, പെയ്തൊഴിയാത്ത കാർമുകില്‍ പോലെ അസ്വസ്ഥത വര്‍ഷിക്കും. ഒരു പക്ഷെ കാലങ്ങളോളം. അത്തരം ഒരു മഹത് വ്യക്തിത്വമാണ് നമ്മെ വിട്ടുപിരിഞ്ഞുപോയ സുപ്രസിദ്ധ വയലിനിസ്റ്റ് ബാല ഭാസ്കര്‍. ഓർമ്മകളുടെ ഘോഷയാത്രയില്‍, ഒളി മങ്ങാതെ ബാല ഭാസ്കര്‍ നമ്മെ വേട്ടയാടും. സ്വന്തം കഴിവില്‍ അൽപം പോലും അഹങ്കാരമില്ലാതെ, കാപട്യത്തിൻെറ മൂടുപടമില്ലാതെ നിഷ്കളങ്കമായി കലയെ ഉപാസിച്ചു മലയാളക്കരയ്ക്കും അപ്പുറം പ്രതിഭയുടെ തിലകക്കുറി ചാർത്തി ഇന്ത്യക്ക്തന്നെ അഭിമാനമായിത്തീർന്ന “വയലിനിസ്റ്റാ”യിരുന്നു ബാല ഭാസ്കര്‍. കേരളത്തിൻെറ സ്വകാര്യ അഹങ്കാരമായിരുന്ന ബാലഭാസ്കര്‍ എന്ന യുവ കലാപ്രതിഭയുടെ അകാല വിയോഗം കലാസാംസ്കാരിക രംഗത്ത് തീരാ നഷ്ടമാണ്.
ഇനിയും, അതിരുകളില്ലാത്ത ആസ്വാദന സദസ്സുകള്‍ (ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും) ബാല ഭാസ്കറിന് മുമ്പില്‍ ശിരസ് നമിക്കുമായിരുന്നു, കാരണം അദ്ദേഹത്തിന് “വയലിന്‍” എന്ന സംഗീത വാദ്യോപകരണം കൊണ്ട് ശബ്ദവീചികളുടെ അഭൌമ ധ്വനികള്‍ അത്യന്തം മനോഹരമായി അഭുംഗരം സൃഷ്ടിക്കാനുള്ള അത്യപൂര്‍വ്വമായ സിദ്ധിയുണ്ടായിരുന്നു. വയലിന്‍ തന്ത്രികളില്‍ ഫ്യൂഷന്‍ സംഗീതത്തിൻെറ അനന്ത സാധ്യതകളെ ഇത്രമാത്രം വിദഗ്ദമായി സമന്വയിപ്പിക്കാന്‍ കഴിവുള്ള മറ്റൊരാളും കേരളത്തിലില്ല. നാം പ്രത്യേകം ഓർമ്മിക്കേണ്ട ഒരു കാര്യമുണ്ട്, ഒരു ഗായകന്‍, അയാള്‍ എത്ര പ്രശസ്തനായിരുന്നാലും ഭാഷാപരമായി ചിന്തിക്കുമ്പോള്‍ ഗായകൻ പരിമിതികളില്‍ തളയ്ക്കപ്പെട്ട കലാകാരനാണ്.
ഒരു മലയാള ഗായകന്‍, കേരളത്തിലെന്നല്ല, ലോകത്തെവിടെയായാലും മലയാളികൾക്ക് മാത്രമേ പ്രിയങ്കരനാകുന്നുള്ളൂ. അതേ സമയം ബാല ഭാസ്കറെപ്പോലെ അത്യപൂര്‍വ്വ സിദ്ധിയുള്ള ഒരു വയലിനിസ്റ്റ് ലോകത്തെവിടെയായാലും അംഗീകരിക്കപ്പെടും. കാരണം വയലിൻെറ ശബ്ദ വീചികള്‍ ഏതെങ്കിലും ഒരു പ്രത്യേക ഭാഷയെ മാത്രം പുണരുന്നില്ല, ബാലഭാസ്കറിന്‍റെ അകാല നിര്യാണം ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്‍റെ തന്നെ തീരാനഷ്ടമായി കാണേണ്ടിവരും, അക്കാര്യത്തില്‍ അതിശയോക്തി വേണ്ട. ഏറെ പ്രശസ്തനായിരുന്നെങ്കിലും മലയാളക്കരയുടെ പ്രിയ വയലിനിസ്റ്റ് ബാല ഭാസ്കര്‍ അഹങ്കാരിയായിരുന്നില്ല, ശാന്തനും മാന്യനുമായിരുന്ന ബാലഭാസ്കര്‍ തന്നോടൊപ്പം സെൽഫിയെടുക്കുന്ന കൌമാരക്കാരോട് ഒരിക്കല്‍ പോലും “അരുത്” എന്ന് പറഞ്ഞതായി കേട്ടിട്ടില്ല. അനുവാദം കൂടാതെ ഒപ്പം നിന്ന് സെൽഫിയെടുത്ത ഏതെങ്കിലും ഒരു അപക്വ മനസ്സിനോട് “സെൽഫി ഈസ് സെൽഫിഷ്” എന്ന് പറഞ്ഞു സെൽഫി മായ്ച്ചു കളഞ്ഞതായിട്ടും പറഞ്ഞു കേട്ടിട്ടില്ല. തെളിനീര് പോലെ ശുദ്ധമായ വ്യക്തി പ്രഭാവങ്ങള്‍ ഒരിക്കലും അഹങ്കാരം കുടപിടിക്കുന്ന, മൂത്തു നരച്ച സാംസ്കാരിക പാപ്പരത്വങ്ങളോട് സമരസപ്പെടില്ല. മധ്യവയസു പോലും എത്തുന്നതിനു മുമ്പ് മരണം കവർന്നെ ടുത്ത വയലിനിസ്റ്റ് ബാല ഭാസ്കര്‍ ഇനിയും എത്രയോ കാലം കൂടി ജീവിക്കേണ്ടതായിരുന്നു.
അംഗീകാരങ്ങളുടെ ആയിരം വസന്തങ്ങള്‍ ബാലഭാസ്കറെ കാത്തിരിക്കുന്നുണ്ടായിരുന്നു. അസാമാന്യ പ്രതിഭയുടെ അശ്വമേധം മധ്യാഹ്ന്നം കണ്ടില്ല. അസ്തമയ തീരങ്ങള്‍ പുൽകാന്‍ ഇനിയും എത്രയോ വർഷങ്ങള്‍ മുമ്പോ ട്ട് യാത്ര ചെയ്യേണ്ടിയിരുന്നയാളാണ് ബാല ഭാസ്കര്‍.‘ബാല ഭാസ്കര്‍’ കേവലം ഒരു പേരല്ല, ഉദയസൂര്യന്‍ എന്ന് അർത്ഥ മുള്ള തേജസ്സിന്‍റെ നാനാർത്ഥ ങ്ങളില്‍ ഒന്നാണത്. അതേ, “വയലിനില്‍” അത്യപൂര്‍വ്വമായ പ്രതിഭാ സിദ്ധി നല്കി, ദൈവം കയ്യൊപ്പുചാർത്തിയ “ഉദയ സൂര്യൻെറ മരണമാണ്” ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചൊവ്വാഴ്ച ദിവസം പുലർച്ചെ ഒന്നര മണിയോടെ സംഭവിച്ചത്. അതും ദൈവത്തിന്‍റെ തന്നെ നെറികെട്ട വികൃതിയെന്ന് പറയേണ്ടി വരും.
.