യു.എ.ഇയിലെ തൊഴിൽ നിയമവും ജീവനക്കാരുടെ ആനുകൂല്യങ്ങളും

യു.എ.ഇയിൽ  ജോലിയെടുക്കുന്ന നിങ്ങൾ കമ്പനിയിൽ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനമെടുത്താലും ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടാലും, രണ്ടും ആശങ്കയും സമ്മർദവും സൃഷ്ടിക്കുന്ന സാഹചര്യങ്ങളാണ്. എന്നാൽ, യു.എ.ഇയുടെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ജീവനക്കാർക്ക് ശക്തമായ സാമ്പത്തിക സുരക്ഷ നൽകുന്ന സ്കീമുകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് നിയമപരമായി അർഹതയുള്ള ചില ആനുകൂല്യങ്ങൾ അറിയാം.

1. പുതിയ സേവിംഗ്സ് സ്കീം

തൊഴിലുടമകൾക്ക് ജീവനക്കാർ ജോലിയിൽ പ്രവേശിച്ച തീയതി മുതൽ അവരുടെ ഗ്രാറ്റുവിറ്റിയിൽ നിക്ഷേപിക്കാൻ സേവിംഗ്സ് സ്കീം സ്വീകരിക്കാൻ കഴിയും. യു.എ.ഇ തൊഴിൽ നിയമം അനുസരിച്ച് ജീവനക്കാർക്ക് അർഹമായ ഗ്രാറ്റുവിറ്റി സമ്പ്രദായത്തിന് ബദലാണ് സേവിംഗ്സ് സ്കീം. എന്നിരുന്നാലും, ഇതൊരു സ്വമേധയായുള്ള പദ്ധതിയാണ്.

തൊഴിലുടമകൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ അംഗീകൃത ഫണ്ടുകളിൽ നിക്ഷേപിക്കുന്നു, അവരുടെ സേവനം പൂർത്തിയാകുമ്പോൾ ഇത് തിരികെ ലഭിക്കുന്നു. 2023 നവംബറിലാണ് പദ്ധതി അവതരിപ്പിച്ചത്. ജോലി നഷ്‌ടപ്പെടുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്‌താൽ നിയമ പ്രകാരം തൊഴിൽ അവസാനിപ്പിച്ച് 14 ദിവസത്തിനുള്ളിൽ ഈ സ്‌കീമിൽ നിന്നുള്ള നിക്ഷേപ വരുമാനം നിങ്ങൾക്ക് ലഭിക്കണം.

2.ഗ്രാറ്റുവിറ്റി

യു.എ.ഇയുടെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും അവരുടെ സേവനത്തിൻെറവർഷങ്ങളെ അടിസ്ഥാനമാക്കി ഗ്രാറ്റുവിറ്റി ലഭിക്കാൻ അർഹതയുണ്ട്. മുഴുവൻ സമയ സ്വകാര്യ മേഖല, ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് ജോലിയുടെ ആദ്യ അഞ്ച് വർഷത്തെ ഓരോ വർഷവും 21 ദിവസത്തെ അടിസ്ഥാന ശമ്പളത്തിന് തുല്യമായ ഗ്രാറ്റുവിറ്റി ലഭിക്കാം. അഞ്ച് വർഷത്തിൽ കൂടുതൽ സേവനം അനുഷ്ഠിക്കുന്നവർക്ക് ആദ്യത്തെ അഞ്ച് വർഷത്തിന് ശേഷം ജോലി ചെയ്യുന്ന ഓരോ വർഷത്തിലും 30 ദിവസത്തെ ശമ്പളത്തിന് തുല്യമായ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്. ഒരു വർഷത്തെ ജോലി പൂർത്തിയാക്കാത്ത ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകില്ല.

3. തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി

ഫെഡറൽ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ഇൻഷുറൻസ് അല്ലെങ്കിൽ സാമൂഹിക സുരക്ഷയുടെ ഒരു രൂപമാണ് യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി (ILOE) പദ്ധതി. പിരിച്ചുവിട്ട ജീവനക്കാർ ജോലിയിൽ നിന്ന് രാജിവെക്കുകയോ അച്ചടക്ക കാരണങ്ങളാൽ പിരിച്ചുവിടപ്പെടുകയോ ചെയ്താൽ അവർക്ക് പരമാവധി മൂന്ന് മാസത്തെ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തുകൊണ്ട് അവരെ സംരക്ഷിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം തുക മൂന്ന് മാസത്തേക്ക് നല്‍കുന്നതാണ് പദ്ധതി.
നഷ്ടപരിഹാരത്തിന് അർഹത നേടുന്നതിന്, ജീവനക്കാർ കുറഞ്ഞത് 12 മാസമെങ്കിലും സ്കീമിൽ വരിക്കാരായിരിക്കണം. ശമ്പളം 16,000 ദിർഹത്തിൽ കുറവ് ആണെങ്കിൽ മാസത്തിൽ അഞ്ച് ദിർഹവും കൂടുതൽ ആണെങ്കിൽ 10 ദി‍ർഹവും ആണ് ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കേണ്ടത്. ജീവനക്കാരൻെറ സൗകര്യം അനുസരിച്ച് മാസത്തിലോ മൂന്ന്, ആറ്, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ പ്രീമിയം തുക അടയ്ക്കാം. തൊഴിൽ ബന്ധം അവസാനിപ്പിച്ചതിന് ശേഷം 30 ദിവസത്തിനുള്ളിൽ ക്ലെയിം സമർപ്പിക്കണം.

4. സ്വദേശത്തേക്ക് പോകാനുള്ള ടിക്കറ്റ്

നിങ്ങളുടെ തൊഴിൽ കരാർ അവസാനിക്കുകയും മാതൃരാജ്യത്തേക്ക് മടങ്ങാൻ പദ്ധതിയിടുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ വിമാന ടിക്കറ്റിന് പണം നൽകുന്നതിന് നിങ്ങളുടെ തൊഴിലുടമ നിയമപരമായി ഉത്തരവാദിയാണ്. യു.എ.ഇയുടെ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 13 പ്രകാരം, നിങ്ങളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ മാത്രമേ നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് അനുവദിക്കൂ. നിങ്ങൾ രാജിവച്ചാലോ മറ്റൊരു കമ്പനിയിൽ ചേർന്നാലോ മോശം പെരുമാറ്റത്തിൻെറ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുമ്പോഴോ ടിക്കറ്റിന് നിങ്ങൾക്ക് അർഹതയില്ല

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.