ഇന്ത്യക്കാര്‍ക്ക് വിസ രഹിത യാത്ര ഒരുക്കി തായ്‌ലാൻറും ശ്രീലങ്കയും

ഇന്ത്യക്കാര്‍ക്ക് വിസ രഹിത യാത്ര ഒരുക്കി തായ്‌ലാൻറും ശ്രീലങ്കയും.

ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ ആകർഷിക്കാനും ടൂറിസരംഗത്തെ വൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയും ടൂറിസ വരുമാനത്തിൽ വലിയ വർദ്ധനവ്‌ പ്രതീക്ഷി ച്ചുമാണ്‌ ഈ രണ്ട് രാജ്യങ്ങളും വിസരഹിത പ്രവേശനം നടപ്പാക്കിയിട്ടുള്ളത്. ശ്രീലങ്കയുടെ ചുവടു പിടിച്ചാണ് തായ്‌ലാൻറും  ഈ മാർഗം സ്വീകരിച്ചിട്ടുള്ളത്. ഇനി എത്ര രാജ്യങ്ങൾ ടൂറിസരംഗത്തെ വരുമാനം ലക്ഷ്യമാക്കി ഇത്തരം നടപടികളുമായി കടന്നവരുമെന്ന് പറയാൻ കഴിയില്ല

തായ്‌ലാൻറ്

ലോക ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള രാജ്യമാണ് തായ്‌ലാൻറ്. രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗവും വിനോദസഞ്ചാരമാണ്. മലയാളികള്‍ ഉള്‍പ്പെടെ അവധി ആഘോഷത്തിന് ഒട്ടേറെ പേര്‍ ഇന്ത്യയില്‍ നിന്ന് എത്തുന്ന രാജ്യമാണ് തായ്‌ലാൻറ്. ഇവിടെ നിന്നുള്ള യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനാണ് പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്. 2024 മെയ് 10 വരെയാണ് വിസയില്ലാതെ തായ്‌ലാൻറില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുക. ഒരു തവണ തായ്‌ലാൻറിലെത്തിയാല്‍ 30 ദിവസം വരെ കഴിയാനും അനുമതിയുണ്ടാകും.  നിലവില്‍ 59 രാജ്യങ്ങള്‍ക്ക് തായ്‌ലാൻറ് ഇത്തരത്തില്‍ വിസ രഹിത യാത്രയ്ക്ക് അനുമതി നല്‍കുന്നുണ്ട്.

ടൂറിസം പ്രധാന വരുമാന മാര്‍ഗമായുള്ള രാജ്യമാണ് തായ്‌ലാൻറ്. നേരത്തെ ചൈന, കസാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്ക് വിസ രഹിത യാത്രയ്ക്ക് തായ്‌ലാൻറ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാനാണ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. തായ്‌ലാൻറിലേക്ക് പോകുന്നവരുടെ സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് ശേഷമാണ് ചൈനക്കാരുടെ വരവ് കുറഞ്ഞത്. മാത്രമല്ല, ചൈനീസ് സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്ന വിവരവും വന്നിരുന്നു. ഇതെല്ലാം ചൈനക്കാരുടെ വരവ് കുറയാന്‍ കാരണമായ സാഹചര്യത്തിലാണ് ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യ ഒമ്പത് മാസം 12.6 ലക്ഷം ഇന്ത്യക്കാരാണ് തായ്‌ലാൻറിലെത്തിയത് . ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും 15 ലക്ഷം കവിയുമെന്ന് കരുതുന്നു. ഒരാഴ്ച തായ്‌ലാൻറില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ ഏകദേശം 41000 തായ് കറന്‍സി ചെലവഴിക്കുന്നുണ്ടത്രെ. ഇന്ത്യയ്ക്ക് പുറമെ തായ്‌വാനില്‍ നിന്ന് തായ്‌ലാൻറിലെത്തുന്നവരും ഏറെയാണ്. ഈ സാഹചര്യത്തിലാണ് രണ്ട് രാജ്യക്കാര്‍ക്കും പ്രത്യേകം ഇളവ് നല്‍കാന്‍ തീരുമാനിച്ചത്.

 ശ്രീലങ്ക

കഴിഞ്ഞ മാസമാണ് ശ്രീലങ്ക വിസരഹിത ഇളവ് ഇന്ത്യക്കാര്‍ക്ക് നല്‍കിയത്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് ശ്രീലങ്കയുടെ ഇളവ്. ഇന്ത്യയ്ക്ക് പുറമെ ചൈന, റഷ്യ, ജപ്പാന്‍, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാൻറ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇളവുണ്ട്. ടൂറിസം പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യം.കൂടുതല്‍ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം പരിശോധിച്ച് കാലാവധി നീട്ടുമെന്നാണ് വിവരം. ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഇളവ് നല്‍കിയുള്ള ശ്രീലങ്കയുടെ പ്രഖ്യാപനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു എന്നതിൻെറ സൂചന കൂടിയാണിത്.

 ശ്രീലങ്കയിലേക്ക്  കപ്പല്‍ സര്‍വീസും

തമിഴ്‌നാട്ടില്‍ നിന്ന് കഴിഞ്ഞാഴ്ച ശ്രീലങ്കയിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചിരുന്നു.  കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നതിനുള്ള സൗകര്യവുമുണ്ടാകും.150 സീറ്റുള്ള കപ്പലില്‍ ഓരോരുത്തര്‍ക്കും 50 കിലോ ലഗേജും കൊണ്ടുപോകാം.  നികുതിയടക്കം 7670 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്ന വാര്‍ത്തയും വന്നിട്ടുണ്ട്. ഇതിന്റെ അന്തിമ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കേരളത്തില്‍ നിന്ന് തുടങ്ങുന്ന കപ്പല്‍ യാത്രയ്ക്ക് 10000 രൂപ ടിക്കറ്റ് നിരക്കാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് കപ്പല്‍ സര്‍വീസ് കഴിഞ്ഞാഴ്ച ആരംഭിച്ചത്. നാഗപട്ടണത്ത് നിന്ന് ജാഫ്‌നയിലെ കാങ്കേശന്‍ തുറയിലേക്കാണ് സര്‍വീസ്. രാവിലെ എഴ് മണിക്കാണ് യാത്ര ആരംഭിക്കുന്നത്. ചെറിയ പാണി എന്ന കപ്പലാണ് സര്‍വീസ് നടത്തുന്നത്. നാല് മണിക്കൂര്‍ കൊണ്ട് ശ്രീലങ്കയിലെത്തും. ഉച്ചയ്ക്ക് ശേഷം തിരിച്ചും സര്‍വീസുണ്ട് . വരും വര്‍ഷങ്ങളില്‍ വിനോദ സഞ്ചാരികളുടെ എണ്ണം 50 ലക്ഷമാക്കി ഉയര്‍ത്താനാണ് ശ്രീലങ്കയുടെ പദ്ധതി.  ശ്രീലങ്കയിലെ ടൂറിസം മേഖലകളില്‍ ഇ-ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്താനും ധാരണയായിട്ടുണ്ട്. പുതിയ പദ്ധതിയില്‍ അമേരിക്കയെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണ്. അതേസമയം, ചൈനയെയും റഷ്യയെയും ഉള്‍പ്പെടുത്തുകയും ചെയ്തു.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.